വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഇലക്‌ട്രോണിക് കാര്‍ഡ്
റിയാദ്: എമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം നടപ്പാക്കുന്ന ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമായതായി സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുറത്ത് നിന്ന് വരുന്നവര്‍ക്കും വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ പരിശോധനയില്ലാതെ പ്രത്യേക ഇലക്‌ട്രോണിക് കാര്‍ഡ് ഉപയോഗപ്പെടുത്തി നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ കൈവരുന്നത്. പ്രഥമ ഘട്ടത്തില്‍ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലും ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിലുമാണ് സേവനം നടപ്പക്കുന്നത്. പുതിയ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വിമാന യാത്രക്ക് മുമ്പും ശേഷവും എമിഗ്രേഷന്‍ ഓഫീസര്‍മാരുടെ പരിശോധനക്കായി ഇനി ദീര്‍ഘനേരം വിമാനത്താവളങ്ങളില്‍ കാത്ത് നില്‍ക്കേണ്ടി വരില്ല. യാത്രക്കാര്‍ക്ക് ഏറെ സമയലാഭവും സൗകര്യവുമുള്ള സേവനത്തിന് പ്രത്യേക ഫീസ് ഈടാക്കും.
സേവനം ഉപയോഗപ്പെടുത്തേണ്ടവര്‍ ആദ്യ തവണ വിമാനത്താവളത്തില്‍ സജ്ജീകരിച്ച രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നേരിട്ട് ഹാജരാകണം. ഇവിടെ തിരിച്ചറിയില്‍ രേഖയും വിരലടയാളം, നേത്രസ്‌കാനിംഗ് തുടങ്ങിയ മറ്റ് അവശ്യ വിവരങ്ങളും നല്‍കുന്നതോടെ ഫോട്ടോ പതിച്ച പ്രത്യേക ഇലക്‌ട്രോണിക് കാര്‍ഡ് നല്‍കും. ഇത് ഉപയോഗിച്ച് നിയമപരമായ യാത്രാ രേഖകള്‍ ഉള്ളവര്‍ക്ക് ഏത് സമയവും വിമാനത്താവളത്തില്‍ പ്രവേശിക്കാനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനും സാധിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ഇ-ഗെയ്റ്റിലെ ഇലക്‌ട്രോണിക് റീഡറില്‍ കാണിച്ചാണ് പ്രവേശന അനുമതി നേടേണ്ടത്. നിര്‍ണിത സ്ഥലത്ത് ഇലക്‌ട്രോണിക് കാര്‍ഡും, വിരലടയാളവും (ഒരു സ്ഥലത്ത് കാര്‍ഡും മറ്റൊരു സ്ഥലത്ത് വിരലും) കാണിക്കുന്നതോടെ യാത്രക്കാരന് മുമ്പില്‍ ഗൈറ്റ് തുറക്കപ്പെടും. ഇതോടെ രജിസ്‌ട്രേഷന്‍ രേഖകളും മറ്റ് ഔദ്യോഗിക വിവരങ്ങളും പരിശോധിച്ച് ഞൊടിയിടയില്‍ തന്നെ ഇതിന്റെ പ്രിന്റ് ഔട്ട് യാത്രക്കാരന് ലഭിക്കും. പുതിയ സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വിമാനത്താവളത്തിലെ രണ്ടാം നമ്പര്‍ ഗെയ്റ്റിലാണ് റജിസ്‌ട്രേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തിലധികമായി പരീക്ഷണാര്‍തഥത്തില്‍ നടപ്പിലാക്കുന്ന സേവനം വരും ദിവസങ്ങളില്‍ പൂര്‍ണ സജ്ജമാകുമെന്നാണ് സൂചന.
ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷന് ഒരു വര്‍ഷത്തേക്ക് 300 റിയാലും രണ്ട് വര്‍ഷത്തേക്ക് 550 റിയാലും ഫീസ് നല്‍കേണ്ടിവരും. ഇത് പുതുക്കുന്നതിന് യഥാക്രമം 270, 540 റിയാല്‍ ചാര്‍ജ് ഈടാക്കുമെന്നാണറിയുന്നത്.