My Blog List

Tuesday, October 11, 2011

വിറ്റാമിനുകളും സപ്ലിമെന്റുകളും അകാലമരണത്തിന്‌ കാരണമായേക്കും

വിറ്റാമിന്‍ ഗുളികകളും സപ്ലിമെന്റുകളും കണ്ണുംമൂക്കും നോക്കാതെ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, ഗുണത്തേക്കാളേറെ ഇവ, പലപ്പോഴും ദോഷമാണ്‌ വരുത്തുകയെന്ന്‌ ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പു നല്‌കുന്നു. പലപ്പോഴും ആരോഗ്യത്തിനുതന്നെ ഇതു പ്രശ്‌നമായേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം വിറ്റാമിന്‍ ഗുളികകള്‍ എന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോയെന്ന കാര്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. 39000 വനിതകളില്‍ നടത്തിയ പഠനത്തിന്‌ ഒടുവിലാണ്‌ വിദഗ്‌ധരുടെ ഈ നിഗമനം.

മള്‍ട്ടിവിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, ഫോളിക്‌ ആസിഡ്‌, അയണ്‍, മഗ്നീഷ്യം, കോപ്പര്‍ എന്നിവയൊക്കെ ഇഷ്ടംപോലെ അകത്താക്കുന്നവര്‍ക്ക്‌ അകാലമരണം പോലും സംഭവിക്കാം. ബ്രിട്ടനില്‍ മൂന്നിലൊന്നു പേരും ഇത്തരം ഡയറ്ററി സപ്ലിമെന്റുകള്‍ കഴിക്കുന്നവരാണ്‌. ആകെ 675 മില്യണ്‍ പൗണ്ടിന്റെ വിറ്റുവരവാണ്‌ ഇവയ്‌ക്കുള്ളത്‌. മള്‍ട്ടിവിറ്റാമിന്‍, വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ഫോളിക്‌ ആസിഡ്‌, കാല്‍സ്യം എന്നിവ ആരോഗ്യത്തെ സംരക്ഷിക്കുമെന്നും രോഗങ്ങളെ അകറ്റിനിര്‍ത്തുമെന്നുമാണ്‌ കരുതപ്പെട്ടിരുന്നത്‌.

കോപ്പറിന്റെ അംശം വര്‍ദ്ധിക്കുന്നത്‌ പതിനെട്ടുശതമാനം പേരുടെ അകാലമരണത്തിന്‌ കാരണമാകുമെന്ന്‌ ഫിന്‍ലന്‍ഡ്‌, നോര്‍വെ, അമേരിക്ക, സൗത്ത്‌ കൊറിയ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ പറയുന്നു. ഫോളിക്‌ ആസിഡ്‌ തുടര്‍ച്ചയായി കഴിക്കുന്നത്‌ അകാലമരണത്തിന്‌ ആറുശതമാനം വരെ കാരണമാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗര്‍ഭിണികളാണ്‌ ഇത്തരം ഗുളികകള്‍ കഴിക്കുന്നവരില്‍ ഏറെയും. ഇരുമ്പിന്റെ അംശമുള്ള ഗുളികകള്‍ നാലുശതമാനംവരെ മരണനിരക്ക്‌ വര്‍ദ്ധിപ്പിക്കും.

മള്‍ട്ടിവിറ്റാമിനുകള്‍ 2.4 ശതമാനംവരെ മരണസാധ്യതവര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ ബി6 നാലുശതമാനം വരെയും മഗ്നീഷ്യം 3.6 ശതമാനം വരെയും സിങ്ക്‌ 3 ശതമാനം വരെയും അകാല മരണത്തിനു കാരണമായേക്കും. ഏതെങ്കിലും പോഷകത്തിന്റെയും വിറ്റാമിനുകളുടെയും കുറവുള്ള രോഗികളാണ്‌ ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കേണ്ടതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. അതും ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഇത്തരം സപ്ലിമെന്റുകള്‍ക്കു കഴിയും എന്നാണ്‌ കരുതപ്പെടുന്നത്‌.

No comments:

Post a Comment