My Blog List

Saturday, August 15, 2015

സ്വർഗാരോപണം : ഉണ്ടായേ തീരൂ ; എത്ര നിഷേധിച്ചാലും


പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ പെരുന്നാൾ നാം ആഘോഷിക്കുകയാണല്ലോ. സ്വർഗ്ഗം സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ട ഒരേ ഒരപൂർവ്വ നിമിഷം. തീര്ച്ചയായും സ്വർഗ്ഗവും ഭൂമിയും ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം.
സ്വർഗ്ഗാരോപണം ബൈബിളിൽ എഴുതപ്പെട്ടില്ല എന്നാ ഒറ്റക്കാരണത്താൽ അത് വിശ്വസിക്കാൻ പ്രയാസമുള്ളവർക്കായി വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ തന്നെ അതിനൊരു സാക്ഷ്യം നല്കുകയാണ് ഈ ചെറിയ ലേഖനം.
വിശുദ്ധ ഗ്രന്ഥം മുഴുവൻ വായിച്ചാൽ ഒരു കാര്യം നിശ്ചയമാണ് ദൈവത്തെ മുഖതാവിൽ കണ്ടിട്ടുള്ളവർ എല്ലാം തന്നെ സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുകയാണുണ്ടായത്
1. ദൈവത്തിന്റെ കൂടെ നടന്ന ഹാനോക്കു – സ്വർഗ്ഗത്തിലേക്ക് നേരിട്ടെടുക്കപ്പെട്ടു കാരണം അവൻ ദൈവത്തിന്റെ മുഖം കണ്ടു (ഉത്പത്തി 5:24)
2. ദൈവത്തെ നേരിട്ട് കണ്ടു സംസാരിച്ച മോശ – നേബോ പർവതത്തിൽ മരിച്ചു എന്ന് പറയുന്നെങ്കിലും അടക്കിയ സ്ഥലം ആർക്കും അറിയില്ല..( നീയമാവർത്തനം 34 : 6)
പക്ഷെ മോശയുടെ ശരീരം സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോയതു സാക്ഷാൽ മീഖായേൽ മാലാഖ തന്നെയാണെന്നു ബൈബിളിലുണ്ട്. പക്ഷെ അങ്ങനെ കൊണ്ട് പോകുന്നതിനു മുൻപായി സാതാനുമായി മീഖായേൽ മാലാഖ മോശയുടെ ശരീരത്തിന് വേണ്ടി തർക്കിച്ചതായും ബൈബിളിൽ കാണുന്നു. (യൂദാസ് 1:9). മോശ ഒരു കൊലപാതകം ചെയ്തതിനാലും ഒരുവട്ടം ദൈവത്തെ ധിക്കരിച്ചതിനാലും ആകണം ഈ തർക്കം ഉണ്ടായത്. എങ്കിലും പരിശുദ്ധനെ നേരിട്ടു കണ്ടവനിൽ എന്ത് അശുദ്ധി ഉണ്ടാകാൻ. കാരണം ഒരു ചെറിയ തീക്കനൽ കൊണ്ട് പ്രവാചകൻറെ അശുദ്ധിയെ മുഴുവൻ മായിച്ചവനാണല്ലോ അവിടുന്ന്.
ദൈവത്തിൻറെ സാമീപ്യം കണ്ട ഏലിയാ (1 രാജാക്കന്മാർ 19- 12:13) – അഗ്നിതേരിൽ സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു . (2 രാജാക്കന്മാർ 2:11)
അപ്പോൾ പിന്നെ ദൈവത്തിൻറെ മുഴുവൻ ചേതനയും ഉള്ളിൽ വഹിച്ച പരിശുദ്ധ മാതാവിനെ സ്വർഗ്ഗതിലെക്കെടുക്കും എന്നത് സാധാരണ ബുദ്ധിക്കു നിരക്കുന്ന ഒരു സംഭവമാണ് .
“ അവിടുന്നു എന്നെ പാതാളത്തില്‍ തള്ളുകയില്ല.
അങ്ങയുടെപരിശുദ്ധന്‍ ജീർണ്ണിക്കുവാൻ അനുവദിക്കുകയില്ല.“ (സങ്കീ.16:10 )
ദൈവത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ഗബ്രിയേൽ മാലാഖ പോലും പരിശുദ്ധ മാതാവിൻറെ മുൻപിൽ വിനയത്തോടെ നിൽക്കുമ്പോൾ നമുക്കെങ്ങനെ ആ സ്വർഗ്ഗത്തെ നിഷേധിക്കാൻ സാധിക്കും എന്നത് പോയിട്ടു ഭക്തിയോടല്ലാതെ ആ നാമം ഉരുവിടാൻ സാധിക്കും.
ആയതിനാൽ ഏറ്റം പരിശുദ്ധിയോടെ ഈ പെരുന്നാളിൽ പങ്കെടുക്കുവാൻ ആ പരിശുദ്ധ അമ്മ നമ്മളെ സഹായിക്കട്ടെ.

No comments:

Post a Comment