My Blog List

Saturday, April 14, 2012

കാക്കിക്ക്‌ വിടചൊല്ലി പൗരോഹിത്യത്തിന്റെ വെണ്മയിലേക്ക്‌

വൈപ്പിന്‍: പോലീസിന്റെ കാക്കിവേഷം ധരിച്ച്‌ ആറുവര്‍ഷം കാര്‍ക്കശ്യത്തോടെ നിയമപാലനം നടത്തിയ യുവാവ്‌ പൗരോഹിത്യം സ്വീകരിക്കുന്നു.

കോട്ടപ്പുറം രൂപതയിലെ കൂട്ടുകാട്‌ ലിറ്റില്‍ഫ്‌ളവര്‍ ഇടവക തേങ്ങാപ്പുരക്കല്‍ ജോസഫ്‌-ജോസഫീന ദമ്പതികളുടെ മകന്‍ ബിജുവാണ്‌ ഇന്ന്‌ വൈകിട്ട്‌ 3.30 ന്‌ കോട്ടപ്പുറം സെന്റ്‌ മൈക്കിള്‍സ്‌ കത്തീഡ്രലില്‍ ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരിയില്‍നിന്ന്‌ പൗരോഹിത്യം സ്വീകരിക്കുന്നത്‌.

ബി.കോം പഠനത്തിനു ശേഷം 1998-ലാണ്‌ ബിജു പോലീസില്‍ ചേരുന്നത്‌. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്‌ വൈദികനാകാന്‍ സെമിനാരിയില്‍ ചേരുമ്പോള്‍ പലരും അത്ഭുതംകൂറി. രണ്ടാമതൊന്നാലോചിക്കാന്‍ പലരും ഉപദേശിച്ചു. ബിജുവിന്റെ നിശ്‌ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഒന്നും വിലപ്പോയില്ല. എട്ടുവര്‍ഷത്തെ പരിശീലനത്തിനുശേഷം ബിജു വൈദികപട്ടം സ്വീകരിക്കുന്നു.

പോലീസിലായിരിക്കുമ്പോള്‍ സ്‌റ്റേറ്റ്‌ റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്‌സില്‍ ഡെപ്യൂട്ടേഷനില്‍ മലപ്പുറത്തെ നിലമ്പൂരിനടുത്ത്‌ പാണ്ടിക്കാട്‌ സേവനം ചെയ്യുമ്പോഴാണ്‌ ബിജുവിന്റെ ജീവിതം വഴിത്തിരിവിലെത്തിയത്‌.

പോലീസ്‌ ക്യാമ്പിനടുത്ത്‌ എം.എസ്‌.ജെ. സിസേ്‌റ്റഴ്‌സ് നടത്തുന്ന മാനസിക വിഭ്രാന്തിയുള്ള അഗതികള്‍ക്കായുള്ള ആശ്രയകേന്ദ്രത്തിലെ നിത്യസന്ദര്‍ശകനായിരുന്നു ബിജു. അഗതികളെ കുളിപ്പിക്കാനും മുടി വെട്ടിയൊരുക്കാനുമൊക്കെ ഒന്നിടവിട്ടുള്ള അവധി ദിവസങ്ങളില്‍ ബിജു സഹായിച്ചിരുന്നു. പുതിയ അനുഭവം ബിജുവിന്റെ ജീവിതം മാറ്റിമറിച്ചു.

എതിര്‍പ്പുകള്‍ വകവയ്‌ക്കാതെ സര്‍ക്കാരുദ്യോഗത്തിന്റെ സുരക്ഷിതത്വമെല്ലാം വെടിഞ്ഞ്‌ ജോലി രാജിവച്ച്‌ 28-ാം വയസില്‍ വൈദിക വിദ്യാര്‍ഥിയായി കോട്ടപ്പുറം രൂപതയുടെ മണലിക്കാടുള്ള സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.

ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ തത്വശാസ്‌ത്ര, ദൈവശാസ്‌ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ശക്‌തനായവന്‍ എനിക്ക്‌ വലിയ കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു എന്ന്‌ എളിമപ്പെടുകയാണ്‌ തന്റെ നിയോഗമെന്ന്‌ ഡീക്കന്‍ ബിജു പറയുന്നു.

സൗദിയില്‍ ജോലിക്ക്‌ പുതിയ നിബന്ധന

റിയാദ്‌: സൗദി അറേബ്യയില്‍ തൊഴില്‍ ചെയ്യുന്നതിനു പ്രത്യേക പരീക്ഷ പാസാകണമെന്ന നിബന്ധന വരുന്നു. പുതിയ തൊഴില്‍ പരിഷ്‌കരണവുമായി ടെക്‌നിക്കല്‍ ആന്‍ഡ്‌ വൊക്കേഷണല്‍ ട്രെയിനിംഗ്‌ കോര്‍പറേഷനാണ്‌ രംഗത്ത്‌ എത്തിയത്‌.

ഇപ്പോഴുള്ള 60 ലക്ഷം തൊഴിലാളികള്‍ക്ക്‌ അവരുടെ ഇഖാമ പുതുക്കണമെങ്കില്‍ പരീക്ഷ പാസാകണമെന്നുള്ള നിബന്ധന ഒന്‍പതു മാസത്തിനകം നിലവില്‍വരുമെന്ന്‌ കോര്‍പറേഷന്‍ മേധാവി ഡോ. സഅദ്‌ അല്‍ശായബ്‌ വ്യക്‌തമാക്കി.

സ്വദേശികള്‍ക്ക്‌ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും വിസക്കച്ചവടം നിയന്ത്രിക്കുന്നതിനും തൊഴില്‍ മേഖല കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണിത്‌. ഇഖാമ പുതുക്കുന്നത്‌ പരീക്ഷാഫലത്തിന്റെ അടിസ്‌ഥാനത്തില്‍ മാത്രം ആയിരിക്കും. പരാജയപ്പെട്ടവരുടെ ഇഖാമ പുതുക്കി നല്‍കില്ല. എല്ലാവിധ പ്രഫഷനുകളിലുള്ളവരുടെയും ഇഖാമ പുതുക്കാന്‍ പുതിയ വ്യവസ്‌ഥ ബാധകമായിരിക്കും. പദ്ധതിയുടെ പരീക്ഷണഘട്ടം മൂന്നുമാസമാണ്‌. ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിലിലാണ്‌ വൈദഗ്‌ധ്യ പരിശോധന നടത്തുകയെന്നത്‌ മലയാളികളടക്കമുള്ള പ്രവാസികളെ കൂടുതല്‍ വിഷമത്തിലാക്കും. വിസ ലഭിക്കാനുള്ള സൗകര്യാര്‍ഥവും മറ്റും ജീവിതത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പ്രഫഷനുകളില്‍ ഇവിടെയെത്തി മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എങ്ങനെ ഈ പരീക്ഷണഘട്ടത്തെ അതിജീവിക്കുമെന്ന്‌ കണ്ടെറിയേണ്ട കാര്യമാണ്‌. അടുത്തവര്‍ഷം ഫെബ്രുവരി 15 മുതല്‍ മൂന്നുമാസംകൊണ്ട്‌ പൂര്‍ത്തിയാക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന ഓണ്‍ലൈന്‍ പരീക്ഷ മാതൃഭാഷയിലാണ്‌ എന്നതു മാത്രമാണ്‌ ആശ്വാസം.

പുതിയ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാട്ടില്‍വച്ചുതന്നെ ഈ പരീക്ഷ എഴുതേണ്ടിവരും. www.tvtv.gov.sa എന്ന വെബ്‌സൈറ്റില്‍ പരീക്ഷയ്‌ക്ക് പേര്‌ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. പരീക്ഷ പാസായശേഷമേ പുതിയ വിസ അനുവദിക്കുകയുള്ളൂ. ഈ പദ്ധതിക്കുള്ള നാമകാരണം ചെയ്‌തിരിക്കുന്നത്‌ 'യുസ്‌ര്‍' എന്നാണ്‌. പരീക്ഷയ്‌ക്ക് തയാറാകുന്നവര്‍ ഫോട്ടോയും വിരലടയാളവും നല്‍കണം. പരീക്ഷയ്‌ക്ക് പേര്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ ഏതു കേന്ദ്രത്തിലാണ്‌ പരീക്ഷയ്‌ക്ക് ഹാജരാകുന്നതെന്ന്‌ തെരഞ്ഞെടുക്കാനാകും.