My Blog List

Saturday, April 14, 2012

സൗദിയില്‍ ജോലിക്ക്‌ പുതിയ നിബന്ധന

റിയാദ്‌: സൗദി അറേബ്യയില്‍ തൊഴില്‍ ചെയ്യുന്നതിനു പ്രത്യേക പരീക്ഷ പാസാകണമെന്ന നിബന്ധന വരുന്നു. പുതിയ തൊഴില്‍ പരിഷ്‌കരണവുമായി ടെക്‌നിക്കല്‍ ആന്‍ഡ്‌ വൊക്കേഷണല്‍ ട്രെയിനിംഗ്‌ കോര്‍പറേഷനാണ്‌ രംഗത്ത്‌ എത്തിയത്‌.

ഇപ്പോഴുള്ള 60 ലക്ഷം തൊഴിലാളികള്‍ക്ക്‌ അവരുടെ ഇഖാമ പുതുക്കണമെങ്കില്‍ പരീക്ഷ പാസാകണമെന്നുള്ള നിബന്ധന ഒന്‍പതു മാസത്തിനകം നിലവില്‍വരുമെന്ന്‌ കോര്‍പറേഷന്‍ മേധാവി ഡോ. സഅദ്‌ അല്‍ശായബ്‌ വ്യക്‌തമാക്കി.

സ്വദേശികള്‍ക്ക്‌ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും വിസക്കച്ചവടം നിയന്ത്രിക്കുന്നതിനും തൊഴില്‍ മേഖല കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണിത്‌. ഇഖാമ പുതുക്കുന്നത്‌ പരീക്ഷാഫലത്തിന്റെ അടിസ്‌ഥാനത്തില്‍ മാത്രം ആയിരിക്കും. പരാജയപ്പെട്ടവരുടെ ഇഖാമ പുതുക്കി നല്‍കില്ല. എല്ലാവിധ പ്രഫഷനുകളിലുള്ളവരുടെയും ഇഖാമ പുതുക്കാന്‍ പുതിയ വ്യവസ്‌ഥ ബാധകമായിരിക്കും. പദ്ധതിയുടെ പരീക്ഷണഘട്ടം മൂന്നുമാസമാണ്‌. ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിലിലാണ്‌ വൈദഗ്‌ധ്യ പരിശോധന നടത്തുകയെന്നത്‌ മലയാളികളടക്കമുള്ള പ്രവാസികളെ കൂടുതല്‍ വിഷമത്തിലാക്കും. വിസ ലഭിക്കാനുള്ള സൗകര്യാര്‍ഥവും മറ്റും ജീവിതത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പ്രഫഷനുകളില്‍ ഇവിടെയെത്തി മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എങ്ങനെ ഈ പരീക്ഷണഘട്ടത്തെ അതിജീവിക്കുമെന്ന്‌ കണ്ടെറിയേണ്ട കാര്യമാണ്‌. അടുത്തവര്‍ഷം ഫെബ്രുവരി 15 മുതല്‍ മൂന്നുമാസംകൊണ്ട്‌ പൂര്‍ത്തിയാക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന ഓണ്‍ലൈന്‍ പരീക്ഷ മാതൃഭാഷയിലാണ്‌ എന്നതു മാത്രമാണ്‌ ആശ്വാസം.

പുതിയ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാട്ടില്‍വച്ചുതന്നെ ഈ പരീക്ഷ എഴുതേണ്ടിവരും. www.tvtv.gov.sa എന്ന വെബ്‌സൈറ്റില്‍ പരീക്ഷയ്‌ക്ക് പേര്‌ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. പരീക്ഷ പാസായശേഷമേ പുതിയ വിസ അനുവദിക്കുകയുള്ളൂ. ഈ പദ്ധതിക്കുള്ള നാമകാരണം ചെയ്‌തിരിക്കുന്നത്‌ 'യുസ്‌ര്‍' എന്നാണ്‌. പരീക്ഷയ്‌ക്ക് തയാറാകുന്നവര്‍ ഫോട്ടോയും വിരലടയാളവും നല്‍കണം. പരീക്ഷയ്‌ക്ക് പേര്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ ഏതു കേന്ദ്രത്തിലാണ്‌ പരീക്ഷയ്‌ക്ക് ഹാജരാകുന്നതെന്ന്‌ തെരഞ്ഞെടുക്കാനാകും.

No comments:

Post a Comment