വൈപ്പിന്‍: പോലീസിന്റെ കാക്കിവേഷം ധരിച്ച് ആറുവര്‍ഷം കാര്‍ക്കശ്യത്തോടെ നിയമപാലനം നടത്തിയ യുവാവ് പൗരോഹിത്യം സ്വീകരിക്കുന്നു.
കോട്ടപ്പുറം രൂപതയിലെ കൂട്ടുകാട് ലിറ്റില്‍ഫ്‌ളവര്‍ ഇടവക തേങ്ങാപ്പുരക്കല്‍ ജോസഫ്-ജോസഫീന ദമ്പതികളുടെ മകന്‍ ബിജുവാണ് ഇന്ന് വൈകിട്ട് 3.30 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയില്‍നിന്ന് പൗരോഹിത്യം സ്വീകരിക്കുന്നത്.
ബി.കോം പഠനത്തിനു ശേഷം 1998-ലാണ് ബിജു പോലീസില്‍ ചേരുന്നത്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് വൈദികനാകാന്‍ സെമിനാരിയില്‍ ചേരുമ്പോള്‍ പലരും അത്ഭുതംകൂറി. രണ്ടാമതൊന്നാലോചിക്കാന്‍ പലരും ഉപദേശിച്ചു. ബിജുവിന്റെ നിശ്‌ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഒന്നും വിലപ്പോയില്ല. എട്ടുവര്‍ഷത്തെ പരിശീലനത്തിനുശേഷം ബിജു വൈദികപട്ടം സ്വീകരിക്കുന്നു.
പോലീസിലായിരിക്കുമ്പോള്‍ സ്‌റ്റേറ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സില്‍ ഡെപ്യൂട്ടേഷനില്‍ മലപ്പുറത്തെ നിലമ്പൂരിനടുത്ത് പാണ്ടിക്കാട് സേവനം ചെയ്യുമ്പോഴാണ് ബിജുവിന്റെ ജീവിതം വഴിത്തിരിവിലെത്തിയത്.
പോലീസ് ക്യാമ്പിനടുത്ത് എം.എസ്.ജെ. സിസേ്‌റ്റഴ്‌സ് നടത്തുന്ന മാനസിക വിഭ്രാന്തിയുള്ള അഗതികള്‍ക്കായുള്ള ആശ്രയകേന്ദ്രത്തിലെ നിത്യസന്ദര്‍ശകനായിരുന്നു ബിജു. അഗതികളെ കുളിപ്പിക്കാനും മുടി വെട്ടിയൊരുക്കാനുമൊക്കെ ഒന്നിടവിട്ടുള്ള അവധി ദിവസങ്ങളില്‍ ബിജു സഹായിച്ചിരുന്നു. പുതിയ അനുഭവം ബിജുവിന്റെ ജീവിതം മാറ്റിമറിച്ചു.
എതിര്‍പ്പുകള്‍ വകവയ്‌ക്കാതെ സര്‍ക്കാരുദ്യോഗത്തിന്റെ സുരക്ഷിതത്വമെല്ലാം വെടിഞ്ഞ് ജോലി രാജിവച്ച് 28-ാം വയസില്‍ വൈദിക വിദ്യാര്‍ഥിയായി കോട്ടപ്പുറം രൂപതയുടെ മണലിക്കാടുള്ള സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.
ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ തത്വശാസ്‌ത്ര, ദൈവശാസ്‌ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ശക്‌തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു എന്ന് എളിമപ്പെടുകയാണ് തന്റെ നിയോഗമെന്ന് ഡീക്കന്‍ ബിജു പറയുന്നു.
No comments:
Post a Comment