My Blog List

Thursday, May 20, 2010

108 വിളിക്കൂ, സഞ്ചരിക്കുന്ന ആസ്‌പത്രി ഹാജര്‍

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ ഉടനടിയുള്ള വൈദ്യസഹായം ലഭ്യമാക്കിയാല്‍ വിലയേറിയ ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനാവും. ഈ വസ്തുത പരിഗണിച്ച് കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്ട് (കെംപ്) എന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച തുടക്കം കുറിച്ചു. അത്യാവശ്യക്കാര്‍ 108 എന്ന നമ്പറില്‍ വിളിച്ചാല്‍ സര്‍വ സൗകര്യങ്ങളുമുള്ള ആംബുലന്‍സ് നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.



അത്യാധുനിക ജീവന്‍രക്ഷാ സംവിധാനങ്ങളുള്ള 25 ആംബുലന്‍സുകള്‍ ജില്ലയിലെ നിശ്ചിത മേഖലകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും. കമ്പ്യൂട്ടര്‍വത്കൃതമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററാണ് ഇവയെ നിയന്ത്രിക്കുക. റോഡപകടങ്ങള്‍, ഹൃദയ-പ്രസവ സംബന്ധമായ അടിയന്തര പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനുതകുന്ന തരത്തിലാണ് ആംബുലന്‍സുകളുടെ രൂപകല്പന. ആംബുലന്‍സിന്റെ ഉള്‍ഭാഗം രോഗാണുമുക്തമായും അഗ്‌നിബാധയേല്‍ക്കാതെയും സൂക്ഷിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളുണ്ട്. ഡീഫ്രീബിലേറ്റര്‍, ഫീറ്റെല്‍ മോണിറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍, സക്ഷന്‍ അപ്പാരറ്റസ്, നെബുലൈസര്‍ തുടങ്ങിയ അടിയന്തര ചികിത്സാ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഫലത്തില്‍ ഇതൊരു സഞ്ചരിക്കുന്ന ആസ്​പത്രി തന്നെയാണ്.



രോഗിയെ അനായാസം എടുത്തു കയറ്റുന്നതിനുള്ള ഓട്ടോലോഡിങ് ട്രോളി, രോഗിയെ ഉലച്ചിലില്ലാതെ കൊണ്ടുപോകുന്നതിനുള്ള സ്‌കൂപ്പ് സ്ട്രക്ചര്‍, രോഗിക്ക് അത്യാവശ്യ താങ്ങുനല്‍കാനുള്ള സ്‌പൈന്‍ബോഡ്, വീല്‍ചെയര്‍, എല്ലൊടിഞ്ഞ ഭാഗങ്ങള്‍ വെച്ചുകെട്ടുന്നതിനുള്ള സ്​പ്ലിന്ററുകള്‍, കഴുത്തിനേറ്റ ക്ഷതം വഷളാവാതിരിക്കാനുള്ള സര്‍വിക്കല്‍ കോളര്‍, നട്ടെല്ലിനേറ്റ ക്ഷതവും ഒടിവും നേരെയാക്കി ഉറപ്പിക്കുന്നതിനുള്ള സ്‌പൈനല്‍ ബ്രേസ് എന്നിവ ആംബുലന്‍സിലുണ്ട്. 12,000 ലിറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ സിലിന്‍ഡറും മരുന്നുകള്‍ സൂക്ഷിക്കാനുള്ള ശീതീകരണിയുമാണ് മറ്റൊരു സവിശേഷത. സേവനത്തിന് നഴ്‌സുമുണ്ട്.



ആംബുലന്‍സ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ സന്ദേശം വരുമ്പോള്‍ വിളിക്കുന്നയാള്‍ നല്‍കുന്ന വിവരങ്ങളുടെയും ഭൂമിശാസ്ത്ര - വിവരസാങ്കേതിക സംവിധാനങ്ങളുടെയും സഹായത്തോടെ കണ്‍ട്രോള്‍ റൂം ഉടനെ തന്നെ ആംബുലന്‍സ് സ്ഥലത്തെത്തിക്കും. രോഗികളുടെ ആഗ്രഹമനുസരിച്ചുള്ള ഏത് ആസ്​പത്രിയിലും അവരെ കൊണ്ടുപോകും. എന്നാല്‍ ഒരാസ്​പത്രിയില്‍ നിന്നു മറ്റൊന്നിലേക്കു രോഗിയെ കൊണ്ടുപോകുന്നതിനും മൃതദേഹം കൊണ്ടുപോകുന്നതിനും ഈ സംവിധാനം ഉപയോഗിക്കാനാവില്ല.



ആംബുലന്‍സുകളുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. രോഗിയെ ആസ്​പത്രിയിലെത്തിക്കാനുള്ള സംവിധാനമെന്നതിലുപരി രോഗിക്കു സമീപം ആംബുലന്‍സെത്തിയാലുടന്‍ ചികിത്സ ആരംഭിക്കുന്ന രീതിയാണ് കെംപിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി വൈകാതെ ആലപ്പുഴ ജില്ലയിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്ന ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. ആംബുലന്‍സുകളുടെ താക്കോല്‍ദാനം ഗതാഗത മന്ത്രി ജോസ് തെറ്റയിലും ഫ്‌ളാഗ് ഓഫ് നിയമ മന്ത്രി എം. വിജയകുമാറും നിര്‍വഹിച്ചു.



എ.സമ്പത്ത് എം.പി., എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, മാങ്കോട് രാധാകൃഷ്ണന്‍, വി.സുരേന്ദ്രന്‍ പിള്ള, ജോര്‍ജ് മേഴ്‌സിയര്‍, ആര്‍.സെല്‍വരാജ്, മേയര്‍ സി.ജയന്‍ബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ്, ആരോഗ്യ വകുപ്പ് സെക്രട്ടറി മനോജ് ജോഷി, ആരോഗ്യ കേരളം ഡയറക്ടര്‍ ഡോ.ദിനേശ്അറോറ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment