My Blog List

Thursday, May 13, 2010

ചൈനീസ് പെന്‍ഡ്രൈവുകള്‍ നിരീക്ഷണത്തില്‍

ചൈനീസ് പെന്‍ഡ്രൈവുകള്‍ നിരീക്ഷണത്തില്‍

ബാംഗ്ലൂര്‍: ടെലികോം ഉപകരണ കമ്പനികള്‍ക്ക് പിന്നാലെ ചൈനീസ് നിര്‍മിത പെന്‍ഡ്രൈവുകളും മൈക്രോ ചിപ്പുകളും നിരീക്ഷണത്തില്‍. സ്വയം പ്രവര്‍ത്തിക്കുന്ന രഹസ്യ സോഫ്‌വേറുകളായ 'ട്രോജന്‍' പ്രോഗ്രാമുകള്‍ ഒളിപ്പിച്ചുവെച്ചാണ് ഇവ ഇന്ത്യയില്‍ വിറ്റഴിക്കുന്നതെന്ന സംശയത്തെത്തുടര്‍ന്നാണിത്. അടുത്ത കാലത്ത് ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതിനെത്തുടര്‍ന്നാണ് ഇത്തരം ചൈനീസ് നിര്‍മിത സ്റ്റോറേജ് ഉപകരണങ്ങളും മൈക്രോചിപ്പുകളും നിരീക്ഷിക്കുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ വന്‍തോതിലാണ് ചൈനീസ് നിര്‍മിത പെന്‍ഡ്രൈവുകളും മൈക്രോചിപ്പുകളും വിറ്റഴിക്കുന്നത്. ചൈനയില്‍ നിര്‍മാണ സംവിധാനമുള്ള ചില പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇത്തരം ഉത്പന്നങ്ങളും നിരീക്ഷണത്തിലാണ്.

ഇന്ത്യയുടെ മിസൈല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങളാണ് ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഷാഡോ നെറ്റ്‌വര്‍ക്‌സി'ലെ ഹാക്കര്‍മാര്‍ മോഷ്ടിച്ചത്. പിച്ചോറ വിമാനവേധ മിസൈല്‍, അയണ്‍ ഡോം മൊബൈല്‍ മിസൈല്‍ സംവിധാനം, കരസേനയുടെ കമാന്‍ഡിങ് കണ്‍ട്രോള്‍ സംവിധാനമായ പ്രോജക്ട് ശക്തി എന്നിവയുടെ വിവരങ്ങളാണ് അവര്‍ ചോര്‍ത്തിയത്.

അസം, മണിപ്പുര്‍, നാഗാലന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും മാവോവാദി ഭീഷണിയെക്കുറിച്ചുമുള്ള വിശകലനങ്ങളും ദേശീയ സുരക്ഷാ കൗണ്‍സിലിലെ ഒരംഗത്തിന്റെ കമ്പ്യൂട്ടറില്‍നിന്ന് ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ നയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിരുന്നു.

രഹസ്യം മോഷ്ടിക്കപ്പെട്ടത് ഔദ്യോഗികമായി സമ്മതിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് തയ്യാറായില്ലെങ്കിലും ചൈനയില്‍ സൃഷ്ടിച്ച ട്രോജന്‍ പ്രോഗ്രാമുകളാണ് കൃത്യം നിര്‍വഹിച്ചതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
തന്ത്രപ്രധാനമായ വകുപ്പുകളുടെയും ഓഫീസുകളുടെയും കമ്പ്യൂട്ടര്‍ ശൃംഖലയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ല. എന്നിട്ടും രഹസ്യങ്ങള്‍ ചോര്‍ന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ചൈനീസ് നിര്‍മിത പെന്‍ഡ്രൈവുകളില്‍ എത്തിനില്‍ക്കുന്നത്.

നിര്‍മിച്ച് വിപണനത്തിനെത്തുന്നതിന് മുന്‍പുതന്നെ ട്രോജനെ പെന്‍ഡ്രൈവില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ഈ പെന്‍ഡ്രൈവ് കമ്പ്യൂട്ടറില്‍ കുത്തുമ്പോള്‍ അതിലുള്ള ട്രോജന്‍ ആ കമ്പ്യൂട്ടറിലേക്ക് കടന്നുകയറി ഒളിച്ചിരിക്കും. എന്നിട്ട് ആ കമ്പ്യൂട്ടറില്‍ നിന്നും അതുമായി ബന്ധപ്പെട്ട ശൃംഖലയിലുള്ള കമ്പ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവെക്കും. പിന്നീട് മറ്റാരെങ്കിലും ഏതെങ്കിലും പെന്‍ഡ്രൈവ് ആ കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ ട്രോജന്‍ ശേഖരിച്ച വിവരങ്ങള്‍ ആ പെന്‍ഡ്രൈവിലേക്ക് രഹസ്യമായി സ്വയം പകര്‍ത്തും. ഈ പെന്‍ഡ്രൈവ് ഇന്റര്‍നെറ്റ് കണക്ഷനുള്ള മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ കുത്തുമ്പോള്‍ ശേഖരിച്ച രഹസ്യം നെറ്റിലൂടെ ലക്ഷ്യസ്ഥാനത്തെ സെര്‍വറിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഈ രീതിയാണ് ചൈനീസ് ഹാക്കര്‍മാര്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇത്തരം ട്രോജനുകളെ ചൈനീസ് നിര്‍മിത മൈക്രോ ചിപ്പുകളിലും സ്ഥാപിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

ട്രോജനുകളുടെ പ്രോഗ്രാം കോഡുകള്‍ രചിക്കാന്‍ ചൈനീസ് ഭാഷയായ മന്ദാരിനാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് അന്വേഷണത്തെ കുഴക്കുന്നുണ്ട്.

ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ എല്ലാ പെന്‍ഡ്രൈവുകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. വിപണിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചാണ് പരിശോധന. ബ്രാന്‍ഡു ചെയ്യാത്ത ചില സാമ്പിളുകളിള്‍ ഇത്തരം ട്രോജനുകളുടെ സാന്നിധ്യം കണ്ടെത്തിയതായും സൂചനയുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിസമ്മതിച്ചു.

മൈക്രോ ചിപ്പുകളിലും ഇവ കണ്ടെത്തിയാല്‍സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചൈന നടത്തുന്ന ഏറ്റവും വലിയ ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാവും ലോകത്തിനുമുന്നില്‍ തുറക്കുക. ലോകത്തെമ്പാടും വിറ്റഴിയുന്ന കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങളിലും മൊബൈല്‍ ബേസ് സ്റ്റേഷനുകളിലും എല്ലാം ചൈനീസ് നിര്‍മിത ചിപ്പുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.

ചതി പതിയിരിക്കുന്ന മന്‍സൂറിയന്‍ മൈക്രോചിപ്പുകള്‍


ബാംഗ്ലൂര്‍: രഹസ്യ സോഫ്റ്റ് വേറുകളായ ട്രോജനെ ഒളിപ്പിച്ച ചൈനീസ് നിര്‍മിത ചിപ്പുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഭാഷയില്‍ 'മന്‍സൂറിയന്‍ മൈക്രോചിപ്പെ'ന്നാണ് അറിയപ്പെടുന്നത്. ഇത്തരം ചിപ്പുകള്‍ ലോകത്താകമാനമുള്ള കമ്പ്യൂട്ടറുകളില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ.യിലെ റോബര്‍ട്ട് എറിങ്കര്‍ എന്ന ഉദ്യോഗസ്ഥനാണ് കണ്ടെത്തിയത്.
2007-ലെ ചൈനീസ് ഹാക്കര്‍മാര്‍ അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ കമ്പ്യൂട്ടറുകളില്‍നിന്ന് വിവരം ചോര്‍ത്തിയതിനെത്തുടര്‍ന്ന് അതേ വര്‍ഷം ഡിസംബറില്‍ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിപ്പോര്‍ട്ട് പ്രോജക്ട് ഏജന്‍സി (ഡി.എ.ആര്‍.പി.എ.) നടത്തിയ അന്വേഷണത്തിലാണ് മന്‍സൂറിയന്‍ ചിപ്പുകളെക്കുറിച്ചുള്ള ആദ്യ വിവരം പുറത്തുവരുന്നത്. ആവശ്യമുള്ളപ്പോള്‍ ദൂരെയിരുന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വേര്‍ പ്രോഗ്രാമുകള്‍ ഈ ചിപ്പുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ചൈനയുടെ പഴയ പേരാണ് മന്‍സൂറിയ.
സാങ്കേതിക വിദഗ്ധന്‍ ഇതിനെ 'കോള്‍ ഹോം ടെക്‌നോളജി' യെന്നാണ് വിളിക്കുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തേണ്ടപ്പോഴും യുദ്ധം പോലെയുള്ള അടിയന്തര ഘട്ടങ്ങളിലും ദൂരെയുള്ള ഒരു സെര്‍വര്‍ ഉപയോഗിച്ച് ഇത്തരം ചിപ്പുകളില്‍ ഒളിച്ചിരിക്കുന്ന രഹസ്യ പ്രോഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കാം. കമ്പ്യൂട്ടര്‍ ശൃംഖലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനും അതിലൂടെ ശത്രുരാജ്യത്തിന്റെ സൈനിക സന്നാഹങ്ങള്‍ താറുമാറാക്കാനും കഴിയും.

2003 ലെ ഇറാഖ് യുദ്ധത്തിനുശേഷം തുടക്കമിട്ട സൈബര്‍ യുദ്ധതന്ത്രത്തിന്റെ ഭാഗമായാണ് 'മന്‍സൂറിയന്‍ മൈക്രോചിപ്പു'കള്‍ ചൈന പ്രയോഗിക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ തയ്‌വാനെയാണ് ലക്ഷ്യമിട്ടതെങ്കിലും ഇപ്പോള്‍ ഈ വലയില്‍ ലോകരാജ്യങ്ങളെല്ലാം ഉണ്ടെന്നും ഡി.എ.ആര്‍.പി.എ. കണ്ടെത്തിയിരുന്നു. പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം അവരുടെ കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്നത് ചൈനയിലാണ്. ഇവയിലൊക്കെ ഇത്തരം ചിപ്പുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അമേരിക്കയുടെ ഭൂഖണ്ഡാന്തര മിസൈല്‍ സംവിധാനത്തെത്തന്നെ ഇതിലൂടെ സ്തംഭിപ്പിക്കാന്‍ കഴിയുമെന്ന് ഡി.എ.ആര്‍.പി.എ. അന്ന് എഫ്.ബി.ഐ.ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. മന്‍സൂറിയന്‍ മൈക്രോചിപ്പുകളെക്കുറിച്ചുള്ള സാങ്കേതിക വിവരം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ട്.

No comments:

Post a Comment